Tuesday, August 10, 2021

ജനഹിത മാനിഫെസ്റ്റോ: വികസനം സമാധാനത്തിലേക്ക്, വികസനം സ്വാതന്ത്ര്യത്തിലേക്ക്


# മലകൾ സൃഷ്ടിക്കാനാവില്ല, ഉറപ്പായും.

# ഭൂമി ആർക്കും സ്വന്തമല്ല, ഉറപ്പായും.

# ആരോഗ്യം ജൻമാവകാശമാണ്, ഉറപ്പായും.


ഈ മൂന്ന് ഉറപ്പുകൾ ഉറപ്പായും ഉറപ്പുകളാണ്. അതിനാൽ ഞാൻ കേരളജനതയ്ക്കുമുന്നിൽ ഈ വരുന്ന നിയമസഭാതെരഞ്ഞെടുപ്പിലും അതിനുശേഷവുമുള്ള എല്ലാ തെരഞ്ഞെടുപ്പിലും ഉപയോഗിക്കാവുന്ന ഒരു ജനഹിതമാനിഫെസ്റ്റോ അവതരിപ്പിക്കുന്നു, ഇപ്പോഴത്തെ വികസനം സമാധാനം നശിപ്പിക്കുന്നതും സ്വാതന്ത്ര്യം പണയം വെക്കുന്നതും ആണെന്ന തിരിച്ചറിവിൽ. നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി ചേർത്ത് വികസിപ്പിക്കണം എന്നാഗ്രഹിക്കുന്നു.

1. നിയമസഭയും ഹൈക്കോടതിയും ഉൾപ്പെടെയുള്ള സർക്കാർ കെട്ടിടങ്ങൾ സാധാരണക്കാർക്ക് ആരോഗ്യത്തോടെ ഇരിക്കാവുന്ന വിധം പ്രകൃത്യാലുള്ള കാറ്റും വെളിച്ചവും കടക്കുന്ന ഇടങ്ങളാക്കി മാറ്റും.

2. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ലഭിക്കുന്ന അമിതപ്രാധാന്യം കുറയ്ക്കും. ഭരണസമിതിയുടെ തീരുമാനങ്ങളിൽ അധ്യക്ഷത വഹിക്കുന്ന അധികചുമതലയേ മുഖ്യമന്ത്രിക്കുണ്ടാവൂ.

3. നിയമസഭയ്ക്ക് പുറത്ത് സ്ഥായിയായ ഒരു ജനകീയപ്രതിപക്ഷം ഉണ്ടെന്ന് ഉറപ്പുവരുത്തും. എത്ര ഭൂരിപക്ഷമുണ്ടെങ്കിലും ജനങ്ങളെ ബാധിക്കുന്ന വൻകിടപദ്ധതികൾ നടപ്പിലാക്കുമ്പോൾ സഭയിൽ അവതരിപ്പിക്കുന്നതിനുപുറമെ ജനകീയാഭിപ്രായം തേടും. ഇതിനായി പത്ര-മാധ്യമങ്ങളിലെ അറിയിപ്പിനു പുറമേ സർക്കാർ വെബ്‌സൈറ്റിൽ പ്രത്യേകം സംവിധാനം ഏർപ്പെടുത്തും

4. സർക്കാർ തീരുമാനങ്ങളെല്ലാം സുതാര്യമായി ഏതൊരു പൗരനും ലഭിക്കാനായി ഓരോ വകുപ്പിലെയും വെബ്‌സൈറ്റുകൾ തയ്യാറാക്കും. ഇതിൽ അഭിപ്രായം രേഖപ്പെടുത്താനും പുതിയ നിർദ്ദേശങ്ങൾ

സമർപ്പിക്കാനും ജനങ്ങൾക്കും സൗകര്യമുണ്ടായിരിക്കും. സർക്കാർ തീരുമാനങ്ങൾ തള്ളുന്ന ഒരു ഏകപക്ഷീയ വെബ്‌സൈറ്റ് ആവില്ല.

5. വിവിധതരം തൊഴിലുകൾക്ക് ലഭിക്കുന്ന കൂലിയിലെ അന്തരം കുറയ്ക്കും. ഗിഫ്റ്റ് എക്കോണമി പ്രോത്സാഹിപ്പിക്കും.

6. ആരോഗ്യം ജൻമാവകാശമായി അംഗീകരിക്കും, ആശുപത്രിയല്ല. രോഗങ്ങൾ ഉണ്ടാവുന്ന സാഹചര്യങ്ങൾ കുറയ്ക്കുന്നതിനാകും രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ മുൻഗണന.

7. വിദ്യാഭ്യാസം സൗജന്യം. ആരോഗ്യസേവനം സൗജന്യം. ഡോക്ടർ, വക്കീൽ, പോലീസ് തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളുടെ പഠനം സൗജന്യമാക്കും. പക്ഷേ അവ ഇന്ന് കാണുന്നതരത്തിൽ ആയിരിക്കില്ല. കാശുണ്ടാക്കാനായി ഈ കോഴ്സുകൾ ഉപയോഗപ്പെടുന്ന അവസ്ഥ മാറ്റും.

8. പ്രകൃതിസൗഹൃദ ജീവിതങ്ങളും തൊഴിലുകളും പ്രോത്സാഹിപ്പിക്കും. പ്രകൃതിവിരുദ്ധമായി ജീവിക്കുന്നവർക്ക് പിഴ. വലിയ വീടുകൾ, വാഹനങ്ങൾ, എയർ കണ്ടീഷണർ, ഫ്രിഡ്ജ്, മൊബൈൽ ഫോൺ, ടി.വി തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നവരേക്കാൾ സർക്കാരിന് പ്രിയം ഇവ ഉപയോഗിക്കാത്തവരോ, കുറച്ച്ഉ പയോഗിക്കുന്നവരോ ആയിരിക്കും. ഇതിന് പട്ടിക തയ്യാറാക്കും. മനുഷ്യർക്ക്, അതിൽ തന്നെ പണക്കാർക്ക് മാത്രം തണുപ്പ് നൽകുന്ന എയർ കണ്ടീഷണർ ഇല്ലാത്ത ലോകമാവും ലക്‌ഷ്യം. പകരം മരങ്ങൾ പ്രോത്സാഹിപ്പിക്കും.

9. ഭൂമിയുടെ ഉപയോഗം നിയമം മൂലം നിയന്ത്രിക്കും. ഓരോ ഭൂമിയിലും അതാതിടത്ത് യോജിച്ച കൃഷി മാത്രം. മലഞ്ചെരുവുകളിൽ വേരുകളുള്ള മരങ്ങൾ നിർബന്ധമാക്കും. മലകൾ ഇടിച്ചുള്ള വികസനം നിയന്ത്രിക്കും.

10. വന്യമൃഗങ്ങൾ കാടിറങ്ങുന്നത് തടയാൻ കാട് സംരക്ഷിക്കും. കാട്ടിൽ യൂക്കാലിപ്സ്, അക്കേഷ്യ തുടങ്ങിയ മരങ്ങൾ നീക്കി പകരം ഫലവൃക്ഷങ്ങൾ വളരാൻ സാഹചര്യം നൽകും. കാടിനോടനുബന്ധിച്ച മേഖലകളിലെ ജനങ്ങൾക്ക് പ്രത്യേക പ്രോട്ടോക്കോൾ നിർബന്ധമാക്കും. ആദിവാസികളെ അധ്യാപകരാക്കി യൂണിവേഴ്‌സിറ്റി. അവർക്ക് സ്വാഭിമാനത്തോടെ നിലനിൽപ്പ്.

11. പ്രവാസികൾ എങ്ങനെ പണമുണ്ടാക്കിയാലും നാട്ടിൽ വരുമ്പോൾ ചെലവഴിക്കാൻ നിയന്ത്രണങ്ങൾ ഉണ്ടാകും. പ്രവാസിരാജ്യങ്ങളിലെ ഭാഷകളും സംസ്കാരങ്ങളും നാട്ടുകാരെ പഠിപ്പിക്കാൻ അവസരമൊരുക്കും, നാട്ടിലെ ജീവിതം പഠിക്കാൻ കോഴ്സ് തയ്യാറാക്കും. അത് ഇരുകൂട്ടരുടെയും തൊഴിൽസാധ്യത കൂട്ടും. ഇതര സംസ്ഥാന തൊഴിലാളികൾക്ക് നമ്മുടെ സംസ്കാരം പഠിക്കാൻ അവസരമൊരുക്കും.

12. സ്ത്രീധനം നിയമം മൂലം നിരോധിക്കും. ഇഷ്ടമുള്ള പങ്കാളികളെ തെരഞ്ഞെടുക്കാൻ സ്വയംവരപദ്ധതി.

13. ബസ്സ്റ്റാൻഡ് തുടങ്ങിയ പൊതുസ്ഥലങ്ങളിൽ മല-മൂത്ര വിസർജ്ജനത്തിന് പണം കൊടുക്കേണ്ട രീതി മാറ്റും. അത് വളമായോ ബയോഗ്യാസായോ ഉപയോഗപ്പെടുത്തും.

14. മാതൃഭാഷ, അത് കാട്ടുഭാഷയാണെങ്കിൽ അത്, നിർബന്ധമാക്കും. ഇംഗ്ലീഷിന് നിലവിൽ നൽകുന്ന അമിതപ്രാധാന്യം കുറയ്ക്കും.  എന്നാൽ നിലനിൽക്കാനുള്ള എല്ലാ ഭാഷകളും- സാങ്കേതികവിദ്യ ഉൾപ്പെടെ പ്രോത്സാഹിപ്പിക്കും. ഹിന്ദിയോടൊപ്പം തമിഴും പാഠ്യവിഷയമാക്കും. ഇത് ഇന്ത്യയിൽ ജീവിക്കാനും ആത്മാഭിമാനത്തോടെ തൊഴിൽ ചെയ്യാനുമുള്ള കഴിവ് കൂട്ടും.

15. മാലിന്യം തള്ളുന്നത് തടയാൻ ചെറുപ്പക്കാരുടെ ജനജാഗ്രതാ സമിതികൾ പഞ്ചായത്ത് തോറും. അനധികൃത മണ്ണ്, പാറ, മണൽ കടത്തുകളും മരംമുറിയും എല്ലാം യഥാസമയം റിപ്പോർട്ട് ചെയ്യാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സമിതികൾ. ഇത് ചെറുപ്പക്കാർക്ക് നല്ല തൊഴിൽസാധ്യതകൾ സൃഷ്ടിക്കും.

16. എൻറെ മാലിന്യം എൻറെ ഉത്തരവാദിത്തം എന്നുപറഞ്ഞ് സർക്കാർ സ്വന്തം ഉത്തരവാദിത്തങ്ങൾ കയ്യൊഴിയില്ല. മലിനീകരണത്തിനെതിരെ ശക്തമായി നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ജനാരോഗ്യത്തിന് ഭീഷണിയാവുന്ന ശബ്ദമലിനീകരണം, പ്രകാശമലിനീകരണം തുടങ്ങിയ വിഷയങ്ങൾ കൂടി ഉൾപ്പെടുത്തും. പെറുക്കികൾക്ക്മാന്യമായ കൂലിയും പെൻഷനും ഉറപ്പുവരുത്തും.

17. കുട്ടികളെ മനസ്സിലാക്കുന്ന വിദ്യാഭ്യാസം ഉറപ്പാക്കും. ആൺ-പെൺ വ്യത്യാസമില്ലാതെ പഠിക്കാവുന്ന, പരസ്പരം അറിയാവുന്ന പ്രൈമറി വിദ്യാഭ്യാസം. പൊതുകുളി ഉൾപ്പെടെ. കൃഷിയും പാചകവും കൈവേലകളും പാഠ്യപദ്ധതിയുടെ ഭാഗമാക്കും. ശാസ്ത്രമേളകളിലെ കണ്ടുപിടുത്തങ്ങൾക്ക് തുടർച്ച ഉറപ്പാക്കും, പഠിച്ചുകഴിഞ്ഞാൽ അറിവ് നാടിന് ഉപയോഗപ്പെടുത്തുമെന്നും.

18. ഡിജിറ്റൽ ലോകത്തിന് അടിമകളായവരെ യഥാർത്ഥ ലോകത്തേക്ക് പുനരധിവസിപ്പിക്കാൻ നടപടികളെടുക്കും.

19. മതസ്വാതന്ത്ര്യം ഉണ്ടാവും പക്ഷേ മതചൂഷണം തടയും. മതങ്ങൾ ഓപ്പൺ ഓഡിറ്റിന് വിധേയമാക്കും. മതത്തിന്റെ പേരിൽ എന്തും ചെയ്യാം എന്ന അവസ്ഥ മാറ്റും. വിവിധമതങ്ങൾ തമ്മിൽ ആരോഗ്യകരമായ സംവാദങ്ങൾ നടത്തി, പ്രായപൂർത്തിയായ ജനങ്ങൾക്ക് ഇഷ്ടപ്പെട്ട മതം സ്വീകരിക്കാനുള്ള അവസരമൊരുക്കും. മാവോയിസം ഉൾപ്പെടെ, തീവ്രവാദം അടിച്ചമർത്തില്ല, അവർക്ക് സംസാരിക്കാനുള്ളത് കേൾക്കും.

20. കല ജീവിതഗന്ധിയാക്കും. ജീവിതത്തിലെ ഓരോ ചലനവും കലയാക്കി മാറ്റും. ഇത് കലാമേഖലയിൽ പുത്തൻ തൊഴിൽസാധ്യതകൾ തുറക്കും. സിനിമയുടെ ലാഭ-നഷ്ടങ്ങൾ ഓഡിറ്റിന് വിധേയമാക്കും.

21. സീനിയർ പൗരർക്കും അബലർക്കും പെൻഷൻ മാത്രമല്ല, അവരുടെ സമയം സമൂഹത്തിന് ഉപയോഗപ്പെടുന്ന രീതിയിൽ പദ്ധതികൾ. വൃദ്ധസദനങ്ങളിൽ കുട്ടികളുടെ പാർക്ക്.

22. പാതയോരങ്ങളിൽ കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും മരങ്ങളുടെ തണലുള്ള വഴിയും കുടിവെള്ളവും ഉറപ്പുവരുത്തും. തെരുവുനായ്ക്കളുടെ ആക്രമണം ഇല്ലാത്ത തെരുവുകൾ.

23. നിയമസഭയിലെ ഭരണത്തിന് ഇപ്പോഴത്തെ “കയ്യാങ്കളിമോഡലി”ന് മാറ്റം വരുത്താൻ ശ്രമങ്ങൾ നടത്തും.

1) നിയമസഭയിൽ, ജനസംഖ്യാനുപാതികമായി വനിതകൾ, ആദിവാസികൾ, മതങ്ങൾ, ജാതികൾ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം നിയമം മൂലം ഉറപ്പാക്കണം. 50% സ്ത്രീകൾ ഉദാഹരണം. അഥവാ ആദിവാസികൾക്ക് ഈ നിയമസഭയിൽ താൽപര്യമില്ലെങ്കിൽ അവരുടെ മേഖലയിൽ തീരുമാനങ്ങളെടുക്കാൻ (അതിക്രമിച്ച് "വികസനം" നടത്താൻ) ഈ സഭയ്ക്ക് അനുമതി ഉണ്ടാവില്ല.

2) കിട്ടിയ വോട്ടിന് ആനുപാതികമായി അംഗങ്ങളെ നിയമിക്കാൻ പാർട്ടികൾക്ക് കഴിയുന്നവിധം നിയമസഭാപ്രാതിനിധ്യം മാറ്റം വരുത്തുന്നതിന് ഭരണഘടന മാറ്റം വരുത്താം. ഓരോ മണ്ഡലങ്ങളിലെയും വിജയവും തോൽവിയും നിയമസഭയിലെ അംഗങ്ങളെ നേരിട്ട് തീരുമാനിക്കില്ല. ഉദാഹരണത്തിന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെ പോൾ ചെയ്ത വോട്ടിന്റെ 43.48 ശതമാനമാണ് ഇടതുപക്ഷത്തിന് ലഭിച്ചത്. 38.81 ശതമാനം വലതുപക്ഷത്തിനും. 14.96 ശതമാനം എൻ ഡി എ യ്ക്കും. ആകെ 140 സീറ്റുള്ളതിൽ ഈ വോട്ട് ശതമാനത്തിനനുസരിച്ച് അംഗങ്ങളെ തെരഞ്ഞെടുക്കാൻ പാർട്ടികൾക്ക് സ്വാതന്ത്ര്യമുണ്ടാവും. വ്യക്തികളേക്കാൾ ആശയങ്ങൾക്ക് പ്രാധാന്യം കിട്ടും, ഒരു വോട്ടുപോലും പാഴാവില്ല എന്നതാണ് ഈ മോഡലിന്റെ ഗുണം. ഭരണസമിതിയിൽ പ്രതിപക്ഷത്തെയും ഉൾപ്പെടുത്താം, മുന്നണി സംവിധാനം പോലെ, കിട്ടിയ സീറ്റുകൾക്കനുസരിച്ച്. സഭയിലെ ഓരോ തീരുമാനവും അംഗങ്ങളുടെ വോട്ടിനുശേഷമേ നടപ്പാക്കൂ. ഇത് മന്ത്രിമാരുടെ പ്രാധാന്യം കുറയ്ക്കും. അഞ്ചുവർഷം കൂടുമ്പോൾ അനാവശ്യമായി ആരോപണങ്ങൾ ഉന്നയിക്കുന്നത് കുറയ്ക്കും. സമൂഹത്തിൽ വെറുപ്പ് കുറയും.സമാധാനം പുലരും.

3) നിയമസഭയുടെ അധികാരകേന്ദ്രീകരണം തടയാൻ സഭ വികേന്ദ്രീകൃതമായി സമ്മേളിക്കാം, ഫിലിം ഫെസ്റ്റിവൽ നടത്തിയതുപോലെ. തെക്കുവടക്ക് അനാവശ്യമായ ഓട്ടം കുറയ്ക്കാം. അതിനുവേണ്ട ഊർജ്ജം ലാഭിക്കാം. 


ഈ കാഴ്ചപ്പാടുകളോടുള്ള നിങ്ങളുടെ സത്യസന്ധമായ പ്രതികരണങ്ങൾ അറിയിക്കുമല്ലോ. ശരിയെന്നുതോന്നുകിൽ പങ്കുവെക്കുകയും കൂട്ടായി പ്രവർത്തിക്കാൻ താല്പര്യമുണ്ടെങ്കിൽ അതും വേണം. നന്ദി. സുബിദ്, 9496523851.

No comments:

Post a Comment