പാട്ടുകൾ Poems

ആയുധപൂജ
(october 13, 2019)
പൂജകഴിഞ്ഞിട്ടായുധമെല്ലാം ആഘോഷത്തോടെത്തീ. ആരുമറിഞ്ഞില്ലറിവാമായുധമാരും പൂജിച്ചില്ല!

വിദ്വേഷത്തിൻ വിത്തുകൾ പാകി യുദ്ധക്കൊതിയർ ഭരിക്കേ, ആകാശത്തുപറക്കും റാഫേൽ കഴുകൻ ചോര മണക്കും!
ആൾക്കൂട്ടക്കൊല, ആൾകൊല, അരുകൊല, നാളിതുനാളിൽ കുതിക്കേ, അറിവില്ലാത്തവരവരുടെപുറകേ ആക്രോശിച്ചുനടക്കേ,

ഗാന്ധിയെ കൊന്നവർ, ഗാന്ധിയെ വാങ്ങാൻ വരിയിൽ നിന്നുവിയർക്കേ, ഗാന്ധിയെ വിറ്റവർ ഗാന്ധിപദത്താൽ അറിയപ്പെട്ടുനടക്കേ,
അറിയുക, അറിവാമായുധമേന്താൻ അമാന്തമരുതിനി തെല്ലും!
അതിലും മുന്തിയതല്ലീ റാഫേൽ, തോക്കും വാളും ബോംബും.
ബാങ്കിന്നൊച്ചയിലല്ലാ, നെറ്റിയിലുളള തഴമ്പിലുമല്ലാ,
അള്ളാ എന്നത് നന്മയിലെന്നത് മുസ്ലിങ്ങൾക്കും ഓർക്കാം.
എഴുതിയ പുസ്തകവ്യാഖ്യാനത്തിൽ എടുത്തുചാടുവതേറെ! പക്ഷേ,
അവരുടെ അറിവും അപൂർണമെന്നത് അറിഞ്ഞവർക്കേ അറിയൂ!

ഇനിയൊരുമതമുണ്ടതിലോ മുന്നിൽ സേവനമെന്നാലുള്ളിൽ പറയുവതൊന്ന,തിനെതിരെയായ് ചെയ്യും പള്ളികൾ മോടി പിടിക്കും.
കൊല്ലുക, കൊല്ലുക, രോഗാണുക്കളെ, കൊല്ലുക, രോഗം മാറാൻ!
കൊലയുടെ പാഠം, അവരുടെ പാഠം, ആദ്യം നമ്മൾ പഠിക്കും!

"നമ്മുടെ അറിവുകൾ, നാമും മോശം", അവരുടെ രണ്ടാം പാഠം.
എൻ്റെ ,തെൻ്റെ ,തെന്നൊരു മന്ത്രം, കച്ചവടത്തിൻ തന്ത്രം!
നമ്മളെ തമ്മിലടിപ്പിക്കുന്നവരൊറ്റക്കെട്ടെന്നറിയാൻ,
അവരുടെ വികസനസങ്കല്പങ്ങൾ നമ്മുടെതല്ലെന്നറിയാം!

പാർട്ടി,കള,ണികളുമാരോ പാടിയ പാട്ടിന്നൊത്തുചലിക്കേ,
നമ്മുടെ നന്മക്കെന്നൊരുപേരിൽ നമ്മളെ വിറ്റുതുലക്കേ,
നമ്മുടെ പ്രശ്നം പറഞ്ഞുതീർക്കാൻ നമുക്ക് വയ്യെന്നാകിൽ,
നമ്മുടെ ഭാഷയു,മറിവും പോരെന്നറിയാൻ വൈകരുതിനിയും!
പ്രളയശേഷം
(july 25, 2019)
എല്ലാം ശരിയാക്കു'മാപ്പു'വന്നോ? എന്നോടുചോദിക്കയാണ്‌ കുട്ടി!എന്തുഞാനുത്തരമേകിടേണ്ടൂ? ചോദ്യമീ നാടിന്റെ ചോദ്യമല്ലേ!
മലയായ മലയൊക്കെ കടലിലാകും, മലയാളിമലരുകൾ നോക്കിനിൽക്കും! ലോകബാങ്കിന്നായി നാടുവിൽക്കും, നമ്മളോ തൊഴിലിനായ്‌ ജയ്‌വിളിക്കും!
നഷ്ടത്തിലോടുന്ന മെട്രോയുടെ നഷ്ടം നികത്താൻ വയൽനികത്തും!
ഗ്രീനെന്ന പേർചേർത്ത് നാം വിളിക്കും, പുത്തനാം മാളുകൾ നാമ്പെടുക്കും!!
പുതുതായി ചോദ്യങ്ങൾ വേണ്ടതന്നെ, അന്ത്യപ്രവാചകൻ കാറൽ മാർക്സ്!വർഗീയതയാണ് മുഖ്യശത്രു, മോദിയെക്കാട്ടിയവർ ഭരിക്കും!!
നാടുനശിച്ച് കടലെടുത്താൽ നാടുവിടാനുള്ള ത്രാണിയുണ്ട്!
ത്രാണിയില്ലാത്തവർ നാവെടുത്താൽ തല്ലിയൊതുക്കുവാൻ ശേഷിയുണ്ട്!
ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും ഒന്നിക്കുവാൻ വന്ന പ്രളയശേഷം ശ്രദ്ധതിരിക്കുവാൻ കൊണ്ടുവന്നു, ഒന്നാം തരം കഥ, സിനിമാക്കഥ!
ഹിന്ദുആചാരങ്ങളന്ധമത്രേ! മുസ്ലിമും കൃസ്ത്യനും പുണ്യരത്രേ!
പുത്തൻ നവോത്‌ഥാനമന്ത്രമത്രേ, ചങ്കൻ ഭരിക്കുന്ന കാലമത്രേ!!
നാളത്തെ സ്വർഗത്തിൽ വിശ്വസിച്ച് ഇന്നുനരകമാക്കുന്നു ചിലർ!
മിണ്ടിയാൽ വർഗീയനെന്ന പേരും പേടിച്ച് മിണ്ടാതിരിക്കുന്നു നാം!!
മണ്ണിൽ ചവിട്ടാൻ മടിക്കും ചിലർ, പൂജാ-വിധികളിൽ ബന്ധർ ചിലർ,ചാരിറ്റിയെന്നുള്ള പേരുമായി മൂടുപടത്തിലൊളിക്കും ചിലർ!!
ഉണരുന്ന ഹിന്ദു-മനമറിഞ്ഞ് താമരക്കാർ ചില വിത്തിറക്കും! അറിയാതെയവരെങ്ങാൻ വന്നുപോയാൽ കോരനുകുമ്പിളിൽ തന്നെ കഞ്ഞി!!

ഉയരുന്നു പ്രതിമതൻ പുത്തൻ മതം, പാവങ്ങൾ വെള്ളത്തിൽ മുങ്ങുമ്പോഴും! ഉയരുന്നു ദേശീയതാമഹത്വം, ദേശത്തെ വിറ്റുതുലക്കുമ്പോഴും!!രാമപ്രതിമക്കുമുന്നിലായി സീതപ്രതിമയെ കൊണ്ടുവെച്ചാൽ,
താനേ കുനിയുമതിന്നുയരം നമ്മെ പഠിപ്പിച്ചു, രാമായണം!!
വെള്ളമില്ലാതെ നാം വാ പൊളിക്കും, കോളകൾ പിന്നെയും നാമ്പെടുക്കും, എന്തിനുമേതിനും യോഗയുണ്ട്, സച്ചിനും കോലിയും കൂട്ടിനുണ്ട്!!
ഇന്നും കറുത്തവർ വൃത്തികേട്, മണ്ണിൽ കുരുത്തവർക്കുണ്ടയിത്തം!
വെണ്ണ, വെളുപ്പ്, വെളിച്ചമിഷ്ടം, മാറേണ്ട, തെറ്റാം വരേണ്യബോധം!!
ഒന്നാവുകിൽ നന്ന്, നമ്മളെല്ലാം! ഒറ്റക്കുനിന്നാലവർക്കുനന്ന്!!
നന്നായറിയും ഭരണവർഗ്ഗം, ഒന്നാണവരെന്നറിയണം നാം!!നമ്മളെത്തമ്മിലടിപ്പിക്കുവാൻ, നമ്മളെത്തന്നെ പുകഴ്ത്തുമവർ!!പുത്തൻകളികൾ കളിക്കുമവർ ഓർത്തുകളിച്ചാൽ നമുക്കുനന്ന്!!
അറിവിനുമപ്പുറം പോകണം നാം, അറിവിലും വേണം തിരിച്ചറിവ്!!എന്തറിഞ്ഞാലുമീ മണ്ണിൽ നിൽക്കാൻ, വേണ്ടതാണറിവെന്നറിഞ്ഞിടണം!!ചന്ദ്രനിൽ പോകുന്നതറിവുതന്നെ, ഭൂമിയെ കൊന്നുകൊണ്ടല്ല, പക്ഷേ!അറിവൊരു ഭാരമായ് തീർന്നവരേ, അറിയണം, മോചനം നേടണം നാം!!
പ്രകൃതിയും നമ്മളുമൊറ്റമതം! സ്വർഗ്ഗവും നരകവും ഭൂമിതന്നെ!
നമ്മൾ വിതച്ചത് നമ്മൾ കൊയ്യും! നാളത്തെ തലമുറ നമ്മൾ തന്നെ!!
വേവിച്ച ഭക്ഷണം ഹിംസതന്നെ! വേവിച്ച ജീവിതശീലങ്ങളും! മാറ്റിമറിക്കേണ്ടകാലമായി, വിപ്ലവം, നമ്മുടെ ഉള്ളിൽ തന്നെ!!
നമ്മെ നയിക്കുവാൻ വന്നുചേരും, കുഞ്ഞുങ്ങളിൽ നിന്ന് നാം പഠിച്ചാൽ,
എല്ലാം ശരിയാകുമെന്നറിയാം, അന്നുനാം നന്നാകുമെന്നറിയാം!!!
എല്ലാം ശരിയാക്കുവാൻ കൊതിക്കും എല്ലാരുമിക്കാര്യമോർത്തീടണം!
എൻ്റെ ശരിയല്ല നിന്റെ ശരി, ഒട്ടേറെ ശരികളാണേറെ ശരി!
ഒട്ടേറെ ശരികളാണേറെ ശരി!!!!


വെട്ടല്ലേ..വെട്ടല്ലേ..
june 10, 2004 

വെട്ടല്ലേ..വെട്ടല്ലേ..ഓരോ മരവും പറയുന്നു..
വെട്ടുന്നൊരു സംസ്കാരം..നമ്മുടെ നാട്ടിൽ പടരുന്നു..

കൊല്ലല്ലേ..കൊല്ലല്ലേ..ഓരോ അണുവും പറയുന്നു..
രോഗാണുക്കൾ ചാവുമ്പോൾ..രോഗം മറ്റൊന്നാവുന്നു..

മാന്തല്ലേ..മാന്തല്ലേ..ഓരോ മലയും പറയുന്നു..
മാന്തുന്നൊരു മണ്ണെല്ലാം..വയലേലകളിൽ നിറയുന്നു..

ചോദ്യങ്ങൾ തടയല്ലേ..ഓരോ കുഞ്ഞും പറയുന്നു..
ചോദ്യം ചത്തൊരു ലോകത്തിൽ..വിഡ്ഢികൾ നാടുഭരിക്കുന്നു..

അണകൾ കെട്ടിയടക്കല്ലേ..ഒഴുകട്ടേ പുഴ പറയുന്നു..
അരുതേ വിഷവുമൊഴുക്കരുതേ..ജലജീവികളും കരയുന്നു..

പാഴല്ലേ..കളയല്ലേ..പാഴ് വസ്തുക്കൾ പറയുന്നു..
ഗുണവും കണ്ടുതിരിച്ചീടിൽ..ഉപയോഗിക്കാം പിന്നീടും..

വെട്ടല്ലേ..വെട്ടല്ലേ..ഓരോ മരവും പറയുന്നു..
വെട്ടുന്നൊരു സംസ്കാരം..നമ്മുടെ നാട്ടിൽ പടരുന്നു..

വെട്ടല്ലേ..വെട്ടല്ലേ..ഓരോ മരവും പറയുന്നു...

പറയൂ, നീ ആരുടെ കൂടേ? 
പുതുകാലത്തിന്റെ അന്ധവിശ്വാസമായ വികസനത്തിനും അതിന്റെ വക്താക്കൾക്കും ഈ ഗാനം സമർപ്പിക്കുന്നു(june 11, 2014)


തണൽ തന്ന മരങ്ങളെ വെട്ടി..തണൽ തന്ന മനുഷ്യരെ വെട്ടീ..
വരവായീ വികസനരാജ്യം..പറയൂ, നീ ആരുടെ കൂടേ?(2)

ഈ മണ്ണിൽ ജീവിക്കാനായ്..ജീവിച്ചുമരിക്കാനായി..
മനുഷ്യന്മാർ സമരം ചെയ്കേ..പറയൂ, നീ ആരുടെ കൂടേ?(2)

മാളികകൾ ഉയരുമ്പോഴും..തെണ്ടികളുടെ എണ്ണം കൂടീ..
ബാറുകളും കുടിയും കൂടീ..പറയൂ, നീ ആരുടെ കൂടേ?(2)

ഡോക്ടർക്ക് ജോലി ഉറയ്ക്കാൻ..ഓരോരോ പേരുകളിട്ട്..
രോഗങ്ങൾ നാട്ടിൽ വിതക്കേ..പറയൂ, നീ ആരുടെ കൂടേ?(2)

ആശുപത്രി കൂടുമ്പോഴും..ആരോഗ്യം കൂടുന്നില്ലാ..
ആരുണ്ടിതു ചോദിക്കാനായ്,പറയൂ, നീ ആരുടെ കൂടേ?(2)

ജോലിക്കായ് വിദ്യാഭ്യാസം..ചോദ്യങ്ങൾ ഇല്ലാതാക്കീ..
കാമാന്ധത നമ്മെ നയിക്കേ..പറയൂ, നീ ആരുടെ കൂടേ?(2)

വേവിക്കപ്പെട്ട മതങ്ങൾ..ഭോഗത്തിന്നായി ഭുജിച്ച്..
തൻ കാര്യം നോക്കി ചരിക്കേ..പറയൂ, നീ ആരുടെ കൂടേ?(2)

ഈ മണ്ണിനെ വേണ്ടാത്തവരെ..ഈ മണ്ണിൽ നായകരാക്കി..
പകരുന്നൂ 'പാരമ്പര്യം'..പറയൂ, നീ ആരുടെ കൂടേ?(2)

നാം തന്നെ നമ്മെ ഭരിക്കാൻ കേന്ദ്രീകൃത ഭരണം വെച്ച്..
മനുഷ്യത്വം ഇല്ലാതാക്കേ..പറയൂ, നീ ആരുടെ കൂടേ?(2)

തിരക്കില്ലാ ലോകത്തിന്റെ സൗന്ദര്യം ഇല്ലാതാക്കി..
വികസിച്ചു മരിക്കണമോ നാം..?പറയൂ, നീ ആരുടെ കൂടേ?(2)

ഞാനെന്ന വികാരം കൊണ്ട്സത്യം നാം കാണുന്നില്ലാ..
കണ്ടാലും മിണ്ടുന്നില്ലാ..പറയൂ, നീ ആരുടെ കൂടേ? (2)

സത്യങ്ങൾ പറയുന്നവരെ..ശത്രുക്കൾ എന്നുപറഞ്ഞ്..
കൊല്ലുന്നത് കണ്ടുരസിക്കേ..പറയൂ, നീ ആരുടെ കൂടേ?(2)

പറയാതിനി വയ്യെന്നായി..പറയുമ്പോൾ ഭ്രാന്തരുമായി..
പറയാനായ് നാവുള്ളവരേ....പറയൂ, നീ ആരുടെ കൂടേ?
പറയൂ, നീ ആരുടെ കൂടേ?
പറയൂ, നീ ആരുടെ കൂടേ?(2)
കത്തിക്കല്ലേ..കത്തിക്കല്ലേ..
(june6, 2014)
കത്തിക്കല്ലേ..കത്തിക്കല്ലേ..മാലിന്യങ്ങൾ..കത്തിക്കല്ലേ..!
പേടിക്കല്ലേ..പേടിക്കല്ലേ..മാലിന്യത്തെ..പേടിക്കല്ലേ!
മാലിന്യങ്ങൾ..മാലിന്യമായ്..മാറും മുൻപേ..ശേഖരിച്ചാൽ..
ഗുണമറിഞ്ഞാൽ, തരം തിരിച്ചാൽ..ഒന്നുമൊന്നും..മലിനമല്ലാ..(2)
ഫോർ എക്സാമ്പിൾ, പ്ലാസ്റ്റിക് കവർ, വാട്ടർ പ്രൂഫാ..പിന്നെ കറന്റ് പ്രൂഫും!
ഫോർ എക്സാമ്പിൾ, പ്ലാസ്റ്റിക് കവർ, വാട്ടർ പ്രൂഫാ..പിന്നെ കറന്റ് പ്രൂഫും!

കത്തിച്ചാലോ..ഗുണമാകില്ലാ..കുഴിച്ചിട്ടാലോ..വളമാകില്ലാ
പക്ഷേ.. 

പട്ടത്തിന്.. കടലാസായും..ബക്കറ്റായും ഉപയോഗിക്കാം!
കാലത്തിനെ അതിജീവിക്കും..ഗിഫ്റ്റായിട്ടും മാറ്റിവെക്കാം!

കളിപ്പാട്ടങ്ങൾ..നിർമ്മിക്കാനും..കളയാതിരിക്കുകിൽ...ഉപയോഗിക്കാം!
കത്തിക്കല്ലേ..പ്ലീസ്, കത്തിക്കല്ലേ! മാലിന്യങ്ങൾ.. കത്തിക്കല്ലേ!

ക്ഷമയുണ്ടെങ്കിൽ..തിരക്കില്ലെങ്കിൽ..നരകത്തിനെ..നമുക്ക്  സ്വർഗ്ഗമാക്കാം!

ഈ നരകത്തിനെ..സ്വർഗ്ഗമാക്കാം..

കത്തിക്കല്ലേ..പ്ലീസ്, കത്തിക്കല്ലേ! മാലിന്യങ്ങൾ...കത്തിക്കല്ലേ!

പേടിക്കല്ലേ..പേടിക്കല്ലേ..മാലിന്യത്തെ..പേടിക്കല്ലേ!
പൊട്ടിക്കല്ലേ..!
(june3, 2014)
(പശ്ചിമഘട്ട സംവാദയാത്രക്ക് സമർപ്പിക്കുന്നു.)
മല പൊട്ടിച്ചാൽ..വെള്ളം തീരും..മലപൊട്ടിച്ചാൽ..മണ്ണും തീരും..
മലപൊട്ടിച്ചാൽ..നാടും തീരും.....മലപൊട്ടിച്ചാൽ..നാമും തീരും!

പൊട്ടിക്കല്ലെ എന്റെ പൊന്നു ചേട്ടാ, പൊട്ടിക്കല്ലേ!
(ഈണത്തിൽ)

പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടന്മാരേ..!!
റോഡും ഫ്ലാറ്റും..കടലിൽക്കല്ലും..ആയിപ്പോയീ മലയാഴങ്ങൾ..!
ഇത്- ആയിപ്പോയീ വികസനങ്ങൾ!
പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടന്മാരേ..!!  

നാളേക്കായി കാത്തുവെക്കാൻ..നമുക്കുവേണ്ടേ..മലപ്പുറങ്ങൾ?!
പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടന്മാരേ..!!

ഓരോ കല്ലും..കാണുമ്പോഴും..കാണുന്നില്ലേ..മലതന്നുള്ളം..കേൾക്കുന്നില്ലേ..നൊമ്പരങ്ങൾ..??


പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടന്മാരേ..!!



മരമോ വെക്കാം.., മല വെക്കാമോ..മരം നടുന്ന കൂട്ടുകാരേ...??

പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടന്മാരേ..!!
ചെളിവെള്ളത്തെ തെളിനീരാക്കും..മലകളെ നാം..മറന്നിടല്ലേ..

പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടന്മാരേ..!!
പൊട്ടിക്കല്ലേ..പൊട്ടന്മാരേ..!! പെറ്റമ്മ തൻ മാറിടങ്ങൾ..പെറ്റമ്മ തൻ മാറിടങ്ങൾ..

ഞാനും നീയും..ഇല്ലാ ലോകം..സ്വപ്നം കാണും..കൂട്ടുകാരേ...
നാളേക്കായി..പണിയെടുക്കാൻ..കൂടെയില്ലേ..കൂട്ടുകാരേ..??? കൂടെയില്ലേ..കൂട്ടുകാരേ..???

പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടന്മാരേ..!! 
പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടിക്കല്ലേ..പൊട്ടന്മാരേ..!! 
പൊട്ടിക്കല്ലേ..പൊട്ടന്മാരേ..!! 

പുഴപാടും പാട്ട്
(january 11, 2016)
മഴയായി യാത്ര തുടങ്ങി, അരുവിയായി പുഴയായി..,
ഒഴുകിയൊഴുകി പുഴയായ് മാറി, ഒടുവിലെത്തീ കടലായി...
(ഒടുവിലെത്തീ കടലായി...!)
ജീവികൾക്ക് ജീവനേകും..പ്രാണജലമാണല്ലോ.... (ഞാൻ),
(പ്രാണജലമാണല്ലോ...!)
കൃഷിനനക്കാൻ, തുണിയലക്കാൻ, പശിയടക്കാൻ.. തുണയായി..
(പശിയടക്കാൻ തുണയായി...)
ഒഴുകുമെന്നിൽ അണകൾ കെട്ടി, ഊർജ്ജമാക്കും യന്ത്രങ്ങൾ...
(ഊർജ്ജമാക്കും യന്ത്രങ്ങൾ...)
ജീവിതങ്ങളെ യാന്ത്രികമാക്കി, ജീവനില്ലാ ജലമാക്കീ..(എന്നെ),
(ജീവനില്ലാ ജലമാക്കീ..!
'അറിവുകെട്ട' മനുഷ്യർ പാർക്കും, കാട്ടിൽ ഞാനോ കുടിവെള്ളം..
(കാട്ടിൽ ഞാനോ കുടിവെള്ളം..!)
'അറിവുകൂടിയ' നാട്ടിൽ വന്നാൽ, ഓടവെള്ളം, പാഴ് ജലം..!, (ഞാൻ), (ഓടവെള്ളം, പാഴ് ജലം..!)
വികസനത്തിന് വേഗം വന്നാൽ, ജാതിയായാൽ, മതമായാൽ..
(ജാതിയായാൽ, മതമായാൽ..!)
"എന്റെ വെള്ളം", "നിന്റെ വെള്ളം", കുപ്പിവെള്ള-കച്ചോടം..!
(കുപ്പിവെള്ള-കച്ചോടം..!)
ഒരുമയോടെ, നിങ്ങൾ കാത്താൽ, ഒഴുകുമെന്നിൽ ജീവിതം..
പകരമെന്റെ പ്രാണൻ നല്കാം, പുഴകൾ പാടീ കൂട്ടരേ..!
(പുഴകൾ പാടീ കൂട്ടരേ..!)

ഒരുമയോടെ, നിങ്ങൾ കാത്താൽ, ഒഴുകുമെന്നിൽ ജീവിതം..
പകരമെന്റെ പ്രാണൻ നല്കാം, പുഴകൾ പാടീ കൂട്ടരേ..!
(പുഴകൾ പാടീ കൂട്ടരേ..!)
മഴയായി യാത്ര തുടങ്ങി, അരുവിയായി പുഴയായി,
ഒഴുകിയൊഴുകി പുഴയായ് മാറി,
ഒടുവിലെത്തീ കടലായി...(ഒടുവിലെത്തീ കടലായി...!)


No comments:

Post a Comment